Wednesday, February 6, 2019

Poem

ഇനി നമുക്കീ കൊടുങ്കാറ്റിനിടവേളയിൽ
അൽപ്പനേരം കിടക്കാം.
അകലെ വെടിയൊച്ചകൾ തുടരട്ടെ ......

ഇരുളിൽ ഈ പുല്ലിൽ തല താഴ്ത്തിക്കിടക്കുമ്പോളിടറി വീണേക്കാം
നാം കണ്ട സ്വപ്നങ്ങൾ ...

 ഒരു  വാക്കു പോലും പറയുവാനില്ലാതെ,
കേൾക്കുവാനില്ലാതെ
വെടിയൊച്ചകൾ തന്നിടവേളയിൽ
നമുക്കൽപ്പനേരം കിടക്കാം;
രാവിലെ
മരണമെത്തി വിളിച്ചുണർത്തും വരെ...

തെരുവിലൂടെ ഒഴുകിയെത്തും ചോര കുടിച്ചു വീർത്തവർ
വെറുപ്പിന്റെ  വേദമോതുന്ന
രാത്രിയിൽ ....
  കവിതയെല്ലാം കടലെടുത്തല്ലോ,
കുരുതിക്കു കുട പിടിക്കാനാകാതെ
പഴയ സ്നേഹിതർ
പലവഴി പിരിഞ്ഞു പോയ്..

ഇവിടെ ഈ രാത്രിയിൽ നാമിരുപേർ
ഉദയ സൂര്യനെ ധ്യാനിച്ചിരിക്കുവോർ
Ajithcalvino

Tuesday, July 12, 2011

സ്ഥലപുരാണം


സ്ഥലപുരാണം
(സ്ഥലപുരാണം 2004-ൽ എഴുതിയതാണു. പക്ഷേ അത് അവസാനിക്കുന്നില്ല.2011 ലും തുടരുന്നുപറവൂർ..കടയ്ക്ക്ൽ…………അങ്ങനെ.)


കിളിരൂരിനു കുളിരുന്നു
നിന്റെ തണുത്ത നഗ്നതയിലേയ്ക്ക്
ഞാൻ എരിഞ്ഞുവീഴുന്നു.

സൂര്യനെല്ലിയിൽ നെല്ലിമരങ്ങളില്ല
നിനക്ക് പിറക്കാതെപോയ കുഞ്ഞുങ്ങൾ
ഇലക്ട്രിക്  കമ്പികളിൽ കുരുങ്ങി
കാറ്റത്താടുന്നു.

കോഴിക്കോട്ട് ഇപ്പോൾ
മിഠായിത്തെരുവുകളില്ല
നിന്റെ മേദസ്സുപോലെ
ഉരുകുന്ന ഐസ്ക്രീമിൽ
ഞാൻ കുതിർന്നു പോകുന്നു.

കോതമംഗലത്തേക്കുള്ള
സൂപ്പർഫാസ്റ്റ് നിർത്താതെ പോകുമ്പോൾ
പാതിമുറിഞ്ഞ തെറിയിലേക്ക്
ലജ്ജാവതി കുഴഞ്ഞുവീഴുമ്പോൾ
ലോഡ്ജിന്റെ രണ്ടാംനിലയിൽ
നീ കാത്തുനിൽക്കുന്നത്
ആരെയാണു?

തോപ്പുപടിയി
കടലും കായലും പിണങ്ങിപ്പിരിയുന്നു..
ഗോശ്രീപാലത്തിന്റെ മുകളിൽനിന്ന്
ഞാൻ നക്ഷത്രമെണ്ണുന്നു.

കൊട്ടിയത്തെ കുട്ടികൾ
നേരത്തെ ഉറങ്ങുന്നു;
താരാട്ടുപാട്ടുകളില്ലാതെ
നല്ല വാറ്റുചാരായപോലും കിട്ടാതെ
ഞാൻ നിഷേധിയാകുന്നു.

വിതുരയിലെ വികൃതിക്കുട്ടികളോട്
എന്തുപറയാൻ-- എന്റെ-
പേരമരക്കൊമ്പുകൾ മുഴുവൻ
ഒടിച്ചുകളഞ്ഞത് നിങ്ങളാണു.

ഇപ്പോൾ,
കേരളപര്യടനം പൂർത്തിയാക്കി
ക്യാമറ കണ്ണടയ്ക്കുമ്പോൾ
ഞാൻ ജീവിതത്തിന്റെ
കാണാതായ റിമോട്ട് കൺട്രോൾ
അനേഷിക്കുന്നു
അഥവാ
ആത്മഹത്യാക്കുറിപ്പെഴുതി
ഉറങ്ങാൻ പോകുന്നു……..

Published in Deshabhimani 2004 June 7

Wednesday, June 29, 2011

ഫാഷൻ ടെക്നോളജി


ഫാഷടെക്നോളജി 
  
കുപ്പായമൂരാൻ തുടങ്ങുന്നവരെ
പെട്ടെന്ന് തിരിച്ചറിയാം
ആദ്യത്തെ രണ്ടുബട്ടണുകൾ
എപ്പോഴും തുറന്നു കിടക്കും.

പെർഫ്യൂമിലും വിയർപ്പിലും
കുളിച്ച രണ്ടരപ്പവന്റെ മാല
ബട്ടണുകൾക്കിടയിലൂടെ
പുറത്തേക്ക് തല നീട്ടുന്നു.
അത് ഉപേക്ഷിക്കപ്പെട്ട പൂണൂലുകളെ
ഓർമ്മപ്പെടുത്തുന്നുണ്ട്.
  കുപ്പായമൂരാൻ തുടങ്ങുന്നവരെ
പെട്ടെന്ന് തിരിച്ചറിയാം
അവർ എപ്പോഴും
വേനലിനെ പ്രതിക്കൂട്ടിലാക്കും,
എ.സി യുടെ മുരൾച്ചയെ
അതിജീവിച്ചും അവരുടെ
ശകാരവർഷമുയരും.
സർബത്തിൽ എസ്സെൻസ്
ചേർക്കാൻ മറന്ന
ഗസ്റ്റ് ഹൌസ് ജീവനക്കാരനെ
അവർ തെറിവിളിക്കും.

കുപ്പായമൂരാൻ തുടങ്ങുന്നവർ
പലതരമുണ്ട്.
ഊരിയ കുപ്പായം വലിച്ചെറിഞ്ഞ്
വെയിൽക്കാലങ്ങളിലേക്ക്
പെയ്തുപോകുന്നവരുണ്ട്.
വാടകയ്ക്കെടുത്ത ഖദറിലേക്ക്
ഉത്തരത്തിൽ തലയിടിക്കാതെ
ഒരു അഭ്യാസിയെപ്പോലെ
വളഞ്ഞു പുളഞ്ഞു കയറുന്നവരുണ്ട്.

പിശാചിന്റെ കുപ്പായം
തിരസ്ക്കരിച്ച പഴയ
കാരൂർ കഥാപാത്രങ്ങൾ
ഇന്നലെയുണ്ടായ
ലാത്തിച്ചാർച്ചിലും വെടിവെയ്പ്പിലും
കുപ്പായ ക്കൈകൾ നഷ്ടപ്പെട്ട്
തണൽ മരങ്ങളില്ലാത്ത
ഫുട്പാത്തിൽ ഭിക്ഷതേടുന്നു.
ഒരിക്കലുമിണങ്ങാത്ത
കുപ്പായങ്ങളിൽ
കുടുങ്ങിപ്പോയ ചിലരുണ്ട്
അവർ ഉറക്കത്തിലും
കുപ്പായക്കുടുക്കുകളിൽ
കൈവിരലോടിക്കും

മുകളിൽ പറഞ്ഞവയെല്ലാം
നമ്മുടെ സിലബസിലില്ലാത്തവ..
ഇനി നമുക്ക് നിറങ്ങളെ
വിശകലനം ചെയ്യാം…….


written in 2002 and published in Deshabhimani.

Friday, May 13, 2011


രീക്ഷാഹാളിലെ ജീവിതം- ഭാഗം 2

ഇത്തവണയും ഇരയായിത്തന്നെ..
ഇരയുടെ ദൈന്യവും
വേട്ടക്കാരന്റെ
കടിച്ചു കുടയുകയാണിപ്പോൾ

പതിനാറുകാരിയുടെ വെന്ത ഉടൽ പോലെ,
പായൽ മൂടിയ കുളത്തിലെ
ചുവന്ന പാവാട പോലെ..
ഒരു കാൽപ്പനിക ദ്രശ്യം.

അസ്വസ്തതയുടെ ഓരോ കുമിളയും
പൊട്ടിയടരുന്നു.
നിശബ്ദതയുടെ ഇടവേളകളെ
സംഗീതം കൊണ്ട് പകരം വയ്ക്കാനാകാതെ..
മുറിപ്പാടുകളെ ചുംബിച്ചുണക്കാനാകാതെ..

നിഷേധത്തിന്റെ നരകളോരോന്നും
പിഴുതു മാറ്റിയിട്ടും പിന്നെയും.. പിന്നെയും...
തിരുശേഷിപ്പുകൾ……………………….

Tuesday, May 10, 2011

.... . .. കവിതകൾ-4

ജീവിതമെന്ന തമാശക്കോട്ടയിൽ കുടുങ്ങിയവർക്ക്…….

കുടഞ്ഞെറിയാനാവാത്ത
തുടലുമായി ഓട്ടം
അവസാന സ്ഥാനം മാത്രമുറപ്പായ
മത്സരം.

കോട്ടകൾ, കൊത്തളങ്ങൾ,
ഭ്രാന്തിന്റെ ഉഷ്ണമാപിനിയുയർത്തും
ആരവങ്ങൾ.

ജീവിതമേ,
എന്റെ ഭ്രാന്തിനേതു ശമനൌഷധം.

വെന്തുപോയ തൈത്തെങ്ങുപോലെ
ചിറകു വീശുവാനാകാതെ
രതിയുടെ ഉഷ്ണക്കിടക്കയിൽ
നീ നൊന്തു പ്രസവിക്കുന്നു
വെറുപ്പിന്റെ ചാപിള്ളകൾ.

പ്രണയമേ,
നിന്റെ അറ്റുപോയ ശിരസ്സാൽ തീർക്കാം
ശിഥില ജീവിതത്തിന്റെ
സ്മരണ മുദ്രകൾ.

ഹ്രദയമേ, നീ പാട്ടു നിർത്തുക.
വെയിലിന്റെ മുള്ളിനാലന്ധനായവൻ.
നിന്റെ പാട്ടേറ്റ്
കാതറ്റവൻ

വ്യാജഗായകാ, നായകാ,
നിന്റെ തലയറുത്ത് ബലി നൽകും
കാലമെത്തും മുൻപേ തകർന്നു വീഴുവോർ……….

Saturday, January 1, 2011

Choose well
For your choice is brief but endless.
There in eternity stillness
The eyes of God doth regard you.
He is brave to reward you
There it is all fullness.
Work work and despire not. 

This is what I learned from my great Teacher- Prof N.Raveendranath, Former principal SN College,Kollam

Monday, May 24, 2010

അപൂർണ്ണ കവിതകൾ-3


അർത്ഥരഹിതമായ വിലാപയാത്രകൾ


നീന്തിയല്ല വരേണ്ടത്



ഇടിഞ്ഞു വീഴുന്ന ആകാശങ്ങൾക്കിടയിൽ

കുരുങ്ങിയല്ല വരേണ്ടത്,

മാംസദാഹത്തിന്റെ മട്ടുപ്പാവിലെ

പോക്കുവെയിലേറ്റല്ല ഉണരേണ്ടത്.



അലസിപ്പിരിഞ്ഞുപോയ പ്രകടനത്തിനൊടുവിലെ

ചിതറിപ്പോയ മുദ്രാവാക്യമായല്ല ഉയിർക്കേണ്ടത്......



പഴയ ഉപമകൾ, ഉല്പ്രേക്ഷകൾ

ശിരസറ്റ കവിയുടെ ജഡമടിഞ്ഞു വീർത്ത നദീമുഖം.