Tuesday, March 9, 2010




എമിലി ഡിക്കിൻസൺന്റെ രണ്ടു കവിതകൾ

1
തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോൾ
ആളൊഴിഞ്ഞ തെരുവിൽ
അവൻ കാത്തു നിന്നു.
നനുത്ത വിരലുകളാൽ
അവൻ എന്റെ മിഴി തുടച്ചു.
വൈകുന്നേരത്ത്
ആകാശത്തിനു താഴെ
തിളച്ചു മറിയുന്ന കുട്ടികളെപ്പിന്നിട്ട്
അസ്തമയ സൂര്യന്റെ
വിരൽ സ്പർശങ്ങളിൽ കുതിർന്ന്
ഞങ്ങൾ യാത്രയായി

മഞ്ഞുവീണു കുതിർന്ന ഗൌൺ
ചിലന്തിവല പോലെ
എന്നിൽ ഒട്ടിക്കിടന്നു.
സെമിത്തേരിയിലെ
കുരിശു പെയ്യുന്ന രാത്രിയിൽ
ഞങ്ങൾ അല്പസമയം
നിശ്ശ്ബ്ദരായിക്കിടന്നു.

നൂറ്റാണ്ടുകളുടെ
ഏകാന്തമായ കാത്തിരിപ്പുകൾക്കൊടുവിൽ
കാഴ്ചയ്ക്കപ്പുറത്തേയ്ക്ക് പറക്കുന്ന
കുതിരകളുടെ കൂർത്ത മുഖങ്ങൾ
ഞാൻ ഓർക്കുന്നു………………

2


ഇതു അവളുടെ അവസാന രാത്രി.
എല്ലാ രാത്രികളും പോലെ,
അവളുടെ മരണമേൽ‌പ്പിച്ച
മുറിവുകളൊഴിച്ചാൽ

പഴയ കാര്യങ്ങളുടെ
ഓർമ്മപുതുക്കലുകൾക്കിടയിൽ
രാത്രിയിലെ നിറഞ്ഞ പ്രകാശം
ഞങ്ങളെ പൊതിഞ്ഞു.
അവളുടെ മരണകാല-
നിശ്ശ്ബ്ദതയെ മുറിച്ചു കൊണ്ടു
ഞങ്ങളുടെ കാലടിശ്ശ്ബ്ദം മുഴങ്ങി.

അനന്തതയിലേയ്ക്ക്
വിരൽകോർക്കാൻ തുടങ്ങുന്ന അവളെ
നിഷ്കളങ്കമായ അസൂയയോടെ
ഞങ്ങൾ നോക്കിനിന്നു.
മരണത്തിന്റെ
ഇടുങ്ങിയ ഇടനാഴിയിലൂടെ
അവൾ വേച്ചുപോയി.

ഓർമ്മയുടെ അണഞ്ഞുപോകുന്ന
ദീപങ്ങൾ മാത്രം ശേഷിപ്പിച്ച്
കാറ്റത്തുലഞ്ഞു പോകുന്ന
മുളങ്കാടുപോലെ, കുതിർന്ന്
പതിയെ, അവൾ നിശ്ശബ്ദയായി.
മരവിച്ച മുടിയിഴകൾ
കാറ്റത്തു ഇളകി പറക്കാൻ തുടങ്ങുന്നു……….

No comments: