Tuesday, May 10, 2011

.... . .. കവിതകൾ-4

ജീവിതമെന്ന തമാശക്കോട്ടയിൽ കുടുങ്ങിയവർക്ക്…….

കുടഞ്ഞെറിയാനാവാത്ത
തുടലുമായി ഓട്ടം
അവസാന സ്ഥാനം മാത്രമുറപ്പായ
മത്സരം.

കോട്ടകൾ, കൊത്തളങ്ങൾ,
ഭ്രാന്തിന്റെ ഉഷ്ണമാപിനിയുയർത്തും
ആരവങ്ങൾ.

ജീവിതമേ,
എന്റെ ഭ്രാന്തിനേതു ശമനൌഷധം.

വെന്തുപോയ തൈത്തെങ്ങുപോലെ
ചിറകു വീശുവാനാകാതെ
രതിയുടെ ഉഷ്ണക്കിടക്കയിൽ
നീ നൊന്തു പ്രസവിക്കുന്നു
വെറുപ്പിന്റെ ചാപിള്ളകൾ.

പ്രണയമേ,
നിന്റെ അറ്റുപോയ ശിരസ്സാൽ തീർക്കാം
ശിഥില ജീവിതത്തിന്റെ
സ്മരണ മുദ്രകൾ.

ഹ്രദയമേ, നീ പാട്ടു നിർത്തുക.
വെയിലിന്റെ മുള്ളിനാലന്ധനായവൻ.
നിന്റെ പാട്ടേറ്റ്
കാതറ്റവൻ

വ്യാജഗായകാ, നായകാ,
നിന്റെ തലയറുത്ത് ബലി നൽകും
കാലമെത്തും മുൻപേ തകർന്നു വീഴുവോർ……….