Tuesday, July 12, 2011

സ്ഥലപുരാണം


സ്ഥലപുരാണം
(സ്ഥലപുരാണം 2004-ൽ എഴുതിയതാണു. പക്ഷേ അത് അവസാനിക്കുന്നില്ല.2011 ലും തുടരുന്നുപറവൂർ..കടയ്ക്ക്ൽ…………അങ്ങനെ.)


കിളിരൂരിനു കുളിരുന്നു
നിന്റെ തണുത്ത നഗ്നതയിലേയ്ക്ക്
ഞാൻ എരിഞ്ഞുവീഴുന്നു.

സൂര്യനെല്ലിയിൽ നെല്ലിമരങ്ങളില്ല
നിനക്ക് പിറക്കാതെപോയ കുഞ്ഞുങ്ങൾ
ഇലക്ട്രിക്  കമ്പികളിൽ കുരുങ്ങി
കാറ്റത്താടുന്നു.

കോഴിക്കോട്ട് ഇപ്പോൾ
മിഠായിത്തെരുവുകളില്ല
നിന്റെ മേദസ്സുപോലെ
ഉരുകുന്ന ഐസ്ക്രീമിൽ
ഞാൻ കുതിർന്നു പോകുന്നു.

കോതമംഗലത്തേക്കുള്ള
സൂപ്പർഫാസ്റ്റ് നിർത്താതെ പോകുമ്പോൾ
പാതിമുറിഞ്ഞ തെറിയിലേക്ക്
ലജ്ജാവതി കുഴഞ്ഞുവീഴുമ്പോൾ
ലോഡ്ജിന്റെ രണ്ടാംനിലയിൽ
നീ കാത്തുനിൽക്കുന്നത്
ആരെയാണു?

തോപ്പുപടിയി
കടലും കായലും പിണങ്ങിപ്പിരിയുന്നു..
ഗോശ്രീപാലത്തിന്റെ മുകളിൽനിന്ന്
ഞാൻ നക്ഷത്രമെണ്ണുന്നു.

കൊട്ടിയത്തെ കുട്ടികൾ
നേരത്തെ ഉറങ്ങുന്നു;
താരാട്ടുപാട്ടുകളില്ലാതെ
നല്ല വാറ്റുചാരായപോലും കിട്ടാതെ
ഞാൻ നിഷേധിയാകുന്നു.

വിതുരയിലെ വികൃതിക്കുട്ടികളോട്
എന്തുപറയാൻ-- എന്റെ-
പേരമരക്കൊമ്പുകൾ മുഴുവൻ
ഒടിച്ചുകളഞ്ഞത് നിങ്ങളാണു.

ഇപ്പോൾ,
കേരളപര്യടനം പൂർത്തിയാക്കി
ക്യാമറ കണ്ണടയ്ക്കുമ്പോൾ
ഞാൻ ജീവിതത്തിന്റെ
കാണാതായ റിമോട്ട് കൺട്രോൾ
അനേഷിക്കുന്നു
അഥവാ
ആത്മഹത്യാക്കുറിപ്പെഴുതി
ഉറങ്ങാൻ പോകുന്നു……..

Published in Deshabhimani 2004 June 7