ഫാഷൻ ടെക്നോളജി
കുപ്പായമൂരാൻ തുടങ്ങുന്നവരെ
പെട്ടെന്ന് തിരിച്ചറിയാം
ആദ്യത്തെ രണ്ടുബട്ടണുകൾ
എപ്പോഴും തുറന്നു കിടക്കും.
പെർഫ്യൂമിലും വിയർപ്പിലും
കുളിച്ച രണ്ടരപ്പവന്റെ മാല
ബട്ടണുകൾക്കിടയിലൂടെ
പുറത്തേക്ക് തല നീട്ടുന്നു.
അത് ഉപേക്ഷിക്കപ്പെട്ട പൂണൂലുകളെ
ഓർമ്മപ്പെടുത്തുന്നുണ്ട്.
പെട്ടെന്ന് തിരിച്ചറിയാം
അവർ എപ്പോഴും
വേനലിനെ പ്രതിക്കൂട്ടിലാക്കും,
എ.സി യുടെ മുരൾച്ചയെ
അതിജീവിച്ചും അവരുടെ
ശകാരവർഷമുയരും.
സർബത്തിൽ എസ്സെൻസ്
ചേർക്കാൻ മറന്ന
ഗസ്റ്റ് ഹൌസ് ജീവനക്കാരനെ
അവർ തെറിവിളിക്കും.
കുപ്പായമൂരാൻ തുടങ്ങുന്നവർ
പലതരമുണ്ട്.
ഊരിയ കുപ്പായം വലിച്ചെറിഞ്ഞ്
വെയിൽക്കാലങ്ങളിലേക്ക്
പെയ്തുപോകുന്നവരുണ്ട്.
വാടകയ്ക്കെടുത്ത ഖദറിലേക്ക്
ഉത്തരത്തിൽ തലയിടിക്കാതെ
ഒരു അഭ്യാസിയെപ്പോലെ
വളഞ്ഞു പുളഞ്ഞു കയറുന്നവരുണ്ട്.
പിശാചിന്റെ കുപ്പായം
തിരസ്ക്കരിച്ച പഴയ
കാരൂർ കഥാപാത്രങ്ങൾ
ഇന്നലെയുണ്ടായ
ലാത്തിച്ചാർച്ചിലും വെടിവെയ്പ്പിലും
കുപ്പായ ക്കൈകൾ നഷ്ടപ്പെട്ട്
തണൽ മരങ്ങളില്ലാത്ത
ഫുട്പാത്തിൽ ഭിക്ഷതേടുന്നു.
ഒരിക്കലുമിണങ്ങാത്ത
കുപ്പായങ്ങളിൽ
കുടുങ്ങിപ്പോയ ചിലരുണ്ട്
അവർ ഉറക്കത്തിലും
കുപ്പായക്കുടുക്കുകളിൽ
കൈവിരലോടിക്കും
മുകളിൽ പറഞ്ഞവയെല്ലാം
നമ്മുടെ സിലബസിലില്ലാത്തവ..
ഇനി നമുക്ക് നിറങ്ങളെ
വിശകലനം ചെയ്യാം…….written in 2002 and published in Deshabhimani.